മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി.

Spread the love

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രിയും സംഘവും നോര്‍വെയിലെത്തി. നോര്‍വെയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നോര്‍വെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 3. 55 നുള്ള വിമാനത്തില്‍ കൊച്ചിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. നോര്‍വേയില്‍ നിന്നും യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കും. വിദ്യാഭ്യാസം , ആരോഗ്യം , ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. രണ്ട് ദിവസം മുന്‍പ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുട!ര്‍ന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ട്. സാധാരണ മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങള്‍ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ രാജ്ഭവന് വിവരം നല്‍കാതെയാണ് ഇക്കുറി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് യാത്രയ്ക്ക് പോയത് എന്നാണ് രാജ്ഭവന്റെ പരാതി. കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *