ഇന്ത്യയിലുടനീളം നവരാത്രി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്.
വിശാഖപട്ടണം: ഇന്ത്യയിലുടനീളം നവരാത്രി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. മനോഹരമായി തീര്‍ത്ത വ്യത്യസ്തമായ ആരാധന പന്തലുകള്‍ ഏറെ വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തിലെ അലങ്കാരം കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം.
135 വര്‍ഷത്തോളം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരിയുടെ ക്ഷേത്രം കറന്‍സി നോട്ടുകളും സ്വര്‍ണ്ണവും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പതിവ് അലങ്കാരങ്ങള്‍ക്കും, വസ്തുശില്‍പ്പ നിര്‍മ്മിതികള്‍ക്കും പുറമേയാണ് കണ്ണഞ്ചിപ്പിക്കുന്ന കറന്‍സി, സ്വര്‍ണ്ണ അലങ്കാരം.
നവരാത്രിക്കായി 8 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും വച്ചാണ് ക്ഷേത്ര ഭരണാധികാരികള്‍ ദേവി വിഗ്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്ഷേത്രം മുഴുവന്‍ കറന്‍സി നോട്ടുകളാല്‍ അലങ്കരിച്ചിരിക്കുന്നു. മരങ്ങളിലും സീലിംഗിലും നോട്ട് കെട്ടുകള്‍ തൂക്കിയിട്ടിട്ടുണ്ട് ക്ഷേത്ര അധികൃതര്‍.
എന്നാല്‍ വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തെ സംബന്ധിച്ച് ഈ ആഡംബര അലങ്കാരം ഒരു പുതിയ കഥയല്ല. കുറച്ചു വര്‍ഷമായി നടക്കുന്ന ഒരു ആചാരമാണതെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. 135 വര്‍ഷം മുന്‍പ് ക്ഷേത്രം ആരംഭിച്ചത് തന്നെ 11 ലക്ഷം രൂപയ്ക്കാണ്,
അന്നത്തെ മൂല്യം നോക്കിയാല്‍ ഇത് വലിയ തുകയാണ്. എല്ലാ വര്‍ഷവും ഈ തുക വര്‍ദ്ധിച്ചിട്ടെയുള്ളൂ. ക്ഷേത്രത്തിന് ലഭിക്കുന്ന പണവും സ്വര്‍ണവും ജനങ്ങളുടെതാണ്, ഈ പൂജയ്ക്ക് ശേഷം അത് അവര്‍ക്ക് തന്നെ തിരികെ നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് എടുക്കില്ലെന്നും ക്ഷേത്ര കമ്മിറ്റി പറയുന്നു.