കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കൊല്ലം മാറുകയാണെന്നാണ് വ്യാപകമായ പ്രചാരണം.
കൊച്ചി: കഴിഞ്ഞ കുറയെ മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ അവഹേളിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യപ്പെടുന്ന ജില്ലയാണ് കൊല്ലം. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കൊല്ലം മാറുകയാണെന്നാണ് വ്യാപകമായ പ്രചാരണം. എന്നാൽ 2022ലെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊല്ലം ജില്ലയിലല്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ പ്രഥമ സ്ഥാനത്ത് എറണാകുളം ജില്ലയാണ്.
ഈ വർഷം ഇതുവരെയുള്ള ലഭ്യമായ കണക്കനുസരിച്ച് 30, 016 കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ്. 29, 338 കേസുകൾ. തൃശൂർ, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. ഈ പട്ടികയിൽ ആറാം സ്ഥാനത്തു മാത്രമാണ് കൊല്ലം ജില്ല. 13116 കേസുകളാണ് ഈ വർഷം കൊല്ലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 2766 കേസുകൾ.
ഉത്രയുടെയും വിസ്മയയുടെയും കേസുകൾ ചർച്ചയായതിന് ശേഷമാണ് കൊല്ലം ജില്ലയിലെ ഏത് കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടാലും കൊല്ലത്തിനെ താറടിച്ചുകൊണ്ടുള്ള സൈബർ ആക്രമണമുണ്ടാവുന്നത്. ഈ വർഷം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 340 കേസുകളാണ് തിരുവനന്തപുരത്തുള്ളത്. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. 302 കേസുകൾ. ഈ പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് കൊല്ലം. 226 കേസുകളാണ് ഈ വർഷം ഇതുവരെ കൊല്ലം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതായത് പോക്സോ കേസുകൾ ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിലാണെന്ന പ്രചാരണത്തിലും യാഥാർത്ഥ്യമില്ല.