തിരുവനന്തപുരം എംപി ശശി തരൂരിനെ പൂര്‍ണമായും അവഗണിച്ച് കേരള നേതാക്കള്‍.
തിരുവനന്തപുരം: എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ പൂര്‍ണമായും അവഗണിച്ച് കേരള നേതാക്കള്‍. പ്രചാരണത്തിന്റെ ഭാഗമായി തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രധാനപ്പെട്ട നേതാക്കള്‍ ആരും തന്നെ കാണാനെത്തിയില്ല.
ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ മത്സരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയെ, ഏതാണ്ട് സമ്പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്റേത്. ഭാരവാഹികള്‍ ആര്‍ക്കും വേണ്ടിയും രംഗത്തുവരരുതെന്ന്, തെരഞ്ഞെടുപ്പു സമിതിയുടെ നിര്‍ദേശമുണ്ടെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്യമായി ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. തരൂര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഇതിന്റെ തുടര്‍ച്ചയായ സമീപനമാണ് നേതാക്കളില്‍നിന്നുണ്ടായത്.
അതേസമയം മനസ്സാക്ഷി വോട്ടുകളിലാണ് തനിക്കു പ്രതീക്ഷയെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകളില്‍ തനിക്കു വിശ്വാസമുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ അഭിപ്രായം രേഖപ്പെടുന്നതിനുള്ള തുറന്ന അവസരമാണിത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. അതു പൂര്‍ണമായും പാലിക്കപ്പെടുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് തരൂര്‍ പറഞ്ഞു.