വാഗ്ദാനങ്ങള്‍ മാത്രം പോരാ, എങ്ങനെ നടപ്പിലാക്കുമെന്നു വ്യക്തമാക്കണം പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Spread the love

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടനപത്രികയിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നതെങ്ങനെയെന്നും ഒപ്പം അതിനുള്ള സാമ്പത്തികം കണ്ടെത്തുക എപ്രകാരമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് കമ്മീഷനിപ്പോള്‍.
നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് നടപ്പിലാക്കാനാവശ്യമായ തുകയുടെ വിശദാംശമുള്‍പ്പെടെ നല്‍കേണ്ടി വരുമെന്നതാണ് നിര്‍ദേശത്തിലെ പ്രധാനപ്പെട്ട കാര്യം. തിരഞ്ഞെടുപ്പ് വേളകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്നാണ് മുന്‍പ് കോടതി അഭിപ്രായപ്പെട്ടത്. വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കപ്പെടുമെന്ന് അറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നത് കൂടി പരിഗണിച്ചാണ് പുതിയ നീക്കമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
നിര്‍ദേശം നടപ്പിലായാല്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ ഏതാണ് നടപ്പിലാകുകയെന്നും നടപ്പിലാകാതിരിക്കുകയെന്നും ഏകദേശധാരണയിലെത്താന്‍ വോട്ടറെ സഹായിക്കുമെന്നതാണ് നേട്ടം.
ഉദാഹരണത്തിന് കാര്‍ഷിക ലോണ്‍ എഴുതി തള്ളുന്നത് പോലുള്ള വാഗ്ദാനമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി നല്‍കുന്നതെങ്കില്‍ എല്ലാ കര്‍ഷകര്‍ക്കും ഗുണം ലഭിക്കുമോ, ഇതിനായി എത്ര തുക വേണ്ടി വരും. ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി വരിക എന്നിവ സംബന്ധിച്ച വിശദാംശങ്ങളും നല്‍കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *