വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു.
വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരഭാര്യയ്ക്കും സുഹൃത്തിനും പരുക്കേറ്റു. ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് ചിന്നിച്ചിതറി തറച്ച് കയറുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒമേന്ദ്ര അവിടെവച്ച് മരണത്തിന് കീഴടങ്ങി.
ശക്തമായ സ്‌ഫോടനത്തിൽ ഭിത്തിയുടെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വലിയ ശബ്ദം കേട്ട് അയൽക്കാർ പരിഭ്രാന്തരായെന്നും പൊലീസ് പറയുന്നു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണു ശബ്ദം കേട്ടപ്പോൾ കരുതിയതെന്ന് അയൽക്കാരി വിനിത ദേശീയമാധ്യമത്തോടു പറഞ്ഞു. ടിവി പൊട്ടിത്തെറിച്ച മുറിയിൽ ഒമേന്ദ്രയ്‌ക്കൊപ്പമായിരുന്നു അമ്മയും സഹാദരഭാര്യയും സുഹൃത്ത് കരണും. അടുത്ത മുറിയിൽ മറ്റൊരു കുടുംബാംഗമായ മോണിക്കയും ഉണ്ടായിരുന്നു.