ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ജമ്മുവിലെ വസതിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹേമന്ത് കുമാറിന്റെ വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. കശ്മീരിലെ റംബാന്‍ ജില്ലക്കാരനായ യാസിറാണ് ഒളിവില്‍ പോയത്.
സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ഹേമന്ത് കുമാര്‍ ലോഹ്യ സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തെ ആദ്യ പരിശോധനയില്‍ തന്നെ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതായി എഡിജിപി പറഞ്ഞു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമന്തിനെ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ജയില്‍ ഡിജിപിയായി നിയമിച്ചത്. ഹേമന്ത് കുമാര്‍ ലോഹ്യയുടെ മരണത്തില്‍ ജമ്മു കശ്മീര്‍ പോലീസ് ദുഃഖം രേഖപ്പെടുത്തി.