ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. സെനറ്റ് യോഗം ചേരാമെന്ന് വൈസ് ചാന്‍സിലര്‍ ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11ാം തിയതിക്കുള്ളില്‍ സെനറ്റ് യോഗം ചേര്‍ന്നില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന ഗവര്‍ണറുടെ താക്കീതിന് വഴങ്ങിയാണ് വൈസ് ചാന്‍സലറുടെ തീരുമാനം.
പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നത്. രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു സര്‍വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട വാദം. ലഭിച്ച നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍വകലാശാല. എന്നാല്‍ ഗവര്‍ണര്‍ സമ്മര്‍ദം കടുപ്പിച്ചതോടെ സര്‍വകലാശാലയ്ക്ക് വഴങ്ങേണ്ടി വരികയായിരുന്നു.
സെനറ്റ് പ്രതിനിധി വൈകിയതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വീസി യെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രൂപം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്.