മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് അന്തരിച്ചു. 90 വയസായിരുന്നു. മരണ വാര്‍ത്ത ജയന്തി പട്നായിക്കിന്റെ മകന് പ്രിതിവ് ബല്ലവ് പട്നായിക്ക് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ജയന്തി പട്നായിക്കിനുണ്ടായിരുന്നു. വൈകിട്ടോടെ ജയന്തി അനക്കമറ്റ് കിടക്കുന്നതുകണ്ട് ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയന്തി തീരെ അവശ നിലയിലായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു.
ജയന്തി നാല് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1953ല്‍ ജയന്തി ഒഡിഷ മുന്‍മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിനെ വിവാഹം കഴിച്ചു. 1992 ഫെബ്രുവരി 3 മുതല്‍ 1995 ജനുവരി 30 വരെ ഇവര്‍ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയായി സേവനം അനുഷ്ഠിച്ചു.