കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്‌മെന്റിന്റെ ചര്‍ച്ച തുടരും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്‌മെന്റിന്റെ ചര്‍ച്ച തുടരും. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണം മനസ്സിലാക്കാന്‍ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറി. ഇത് യൂണിയന്‍ നേതാക്കള്‍ വിശദമായി പഠിച്ച ശേഷം വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.
തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഓര്‍ഡിനറി ഷെഡ്യൂളുകള്‍ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറ് ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്. എട്ട് മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം.
ആറ്റിങ്ങല്‍, കണിയാപുരം, നെയ്യാറ്റിന്‍കര, പൂവാര്‍, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട, നെടുമങ്ങാട് ഡിപ്പോകളിലാണ് ഡ്യൂട്ടി പരിഷ്‌കാരം ആദ്യം നിലവില്‍ വരുന്നത്.