സിൽവർ ലൈൻ പദ്ധതിയില്‍ സർക്കാരിനെതിരെ രുക്ഷ വിമർശനവുമായി ഹൈക്കോടതി.
കൊച്ചി: സിൽവർ ലൈൻ പദ്ധതിയില്‍ സർക്കാരിനെതിരെ രുക്ഷ വിമർശനവുമായി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നാണ് ഹൈക്കോടതി ചോദിച്ചത്. ഇത്രയധികം പണം ചെലവാക്കിയതെന്തിന്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്ക്കുന്നു? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾക്ക് ആവർത്തിച്ച് കത്തയച്ചിട്ടും കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പാതയുടെ അലൈൻമെന്റ്, പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഡിപിആര്‍ അപൂർണ്ണമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും റെയിൽവെ കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.