പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ.

Spread the love

കൊച്ചി : തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുള്‍ സത്താര്‍, റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയും.
നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് നേതാക്കള്‍ ഒളിവില്‍പോയതെന്നും ഒളിവിലുരുന്നാണ് എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്‍ഐഎ ഓഫീസില്‍ പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാന്‍ എന്‍ഐഎ ശ്രമം തുടങ്ങിയത്.
സംസ്ഥാനത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നല്‍കിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളില്‍ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിന് ഇരു നേതാക്കള്‍ക്കെതിരെ പോലീസും നിയമനടപടി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *