കഴുത്തിൽ പാമ്പിനെ ഇട്ട് ഇൻസ്റ്റാഗ്രാം റീൽ: സന്യാസി പാമ്പു കടിയേറ്റ് മരിച്ചു
ലക്നൗ: സന്യാസി പാമ്പു കടിയേറ്റ് മരിച്ചു.(monk bitten by snake) കഴുത്തിൽ പാമ്പിനെ ഇട്ട് ഇൻസ്റ്റാഗ്രാം റീൽ മെയ്ക്കേഴ്സിനൊപ്പം വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് ദാരുണ മരണം. പാമ്പ് കടിയേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. പാമ്പ് കടിയേറ്റ് എന്ന് തിരിച്ചറിഞ്ഞ സന്യാസി ഒച്ചവെച്ച് ബഹളം കൂട്ടി. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലെ കിങ് ജോർജ്സ് മെഡിക്കൽ സർവകലാശാലയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കേയാണ് അന്ത്യം.
55കാരനായ ബജ്രംഗി സാധുവാണ് മരിച്ചത്. സുബേദാറിന്റെ കടയിൽ കണ്ടെത്തിയ കറുത്ത നിറത്തിലുള്ള പാമ്പാണ് സന്യാസിയെ കടിച്ചത്. സുബേദാർ പാമ്പിനെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ, സന്യാസി ഇടപെട്ടു. തുടർന്ന് പാമ്പിനെ സന്യാസി പെട്ടിയിലാക്കി.
ഇത് കണ്ട ചിലർക്ക് ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ ആഗ്രഹം തോന്നി. ഇവരുടെ ആഗ്രഹം അനുസരിച്ച് പെട്ടിയിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.(monk bitten by snake)