വീഡിയോ കോളിലൂടെ ഡോക്ടറുടെ നിർദേശം കേട്ട് നഴ്‌സുമാർ പ്രസവമെടുത്തതിനെ തുടർന്ന് കുഞ്ഞ് മരിച്ചു.

Spread the love

ചെന്നൈ: വീഡിയോ കോളിലൂടെ ഡോക്ടറുടെ നിർദേശം കേട്ട് നഴ്‌സുമാർ പ്രസവമെടുത്തതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. സ്‌കാൻ റിപ്പോർട്ടുപോലും പരിശോധിക്കാതെയായിരുന്നു ശ്രമം. സൂനമ്പേട് സ്വദേശി മുരളി, പുഷ്പ ദമ്പതിമാരുടെ പെൺ കുഞ്ഞാണ് മരിച്ചത്.

തമിഴ്‌നാട് ചെങ്കൽപ്പെട്ട് ജില്ലയിലെ മധുരാന്തകത്താണ് സംഭവം. പ്രസവദിവസം അടുത്തതിനാലാണ് 32കാരിയായ പുഷ്പയെ ഇല്ലിടു എന്നസ്ഥലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുഷ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം അവിടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല.

വേദന കലശലായതോടെ മൂന്നു നഴ്‌സുമാർ ചേർന്ന് പ്രസവമെടുക്കാൻ തീരുമാനിച്ചു. തലയ്ക്കുപകരം ഗർഭസ്ഥശിശുവിന്റെ രണ്ട് കാലുകൾ പുറത്തേക്കുവന്നതോടെ നഴ്‌സുമാർ എന്തുചെയ്യണമെന്നറിയാതെ പകച്ചു. തുടർന്ന് വീഡിയോകോളിലൂടെ ഡോക്ടറെ വിളിച്ചു. ഡോക്ടർ നൽകിയ നിർദേശപ്രകാരം നാലുമണിക്കൂർനേരം ശ്രമിച്ചിട്ടും കുഞ്ഞിന്റെ തല പുറത്തേക്കുവന്നില്ല.

പിന്നീട് വീഡിയോകോൾ ശ്രമം ഉപേക്ഷിച്ച് നഴ്‌സുമാർ പുഷ്പയെ ആംബുലൻസിൽ മധുരാന്തകം സർക്കാർ ആശുപത്രിയിലെത്തിച്ചു. പാതിവഴിയിൽ പുഷ്പ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അനാസ്ഥകാരണമാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചു. സ്ഥലത്തെത്താതെ വീഡിയോകോളിലൂടെ നഴ്‌സുമാർക്ക് നിർദേശം നൽകിയ ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *