പറമ്പിക്കുളം ഡാമിലെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍.
പാലക്കാട്∙ പറമ്പിക്കുളം ഡാമിലെ മൂന്നു ഷട്ടറുകളില്‍ ഒന്നിനു തകരാര്‍ സംഭവിച്ചതോടെ ചാലക്കുടി പുഴയിലേക്ക് അതിശക്തമായ വെള്ളമൊഴുക്ക്. ബുധനാഴ്ച പുലര്‍ച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് പെരിങ്ങല്‍കുത്ത് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ഡാമിന്റെ മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റര്‍വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടര്‍ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്.
പെരിങ്ങല്‍കുത്ത് ഡാമിലെ ആറു ഷട്ടറുകളും തുറന്നതോടെ ചാലക്കുടി പുഴയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.