കുടുംബവഴക്കിനെത്തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു
കുമളി:കുടുംബവഴക്കിനെത്തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു. ചക്കുപള്ളം പട്ടാശേരിൽ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭർത്താവ് വിനോദ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
12ന് രാത്രിയിലായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ഭർത്താവാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അനിത മരിച്ചത്. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കൽ കോളജിലെത്തി മേൽനടപടികളെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും. മക്കൾ: അനന്തകുമാർ, സുനന്ദകുമാർ, ആദർശ്.