റൺവേയിലെ മണ്ണ് പരിശോധനയായ പെഗ് മാർക്ക് തുടങ്ങി
എരുമേലി: എരുമേലി ചെറുവള്ളി തോട്ടത്തിൽ വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് റൺവേയിലെ മണ്ണ് പരിശോധനയായ പെഗ് മാർക്ക് തുടങ്ങി. എരുമേലി ബിലിവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റിലാണ് ഇന്ന് രാവിലെ മണ്ണ് പരിശോധന നടത്തിയത്. റവന്യൂ വകുപ്പ്, കോട്ടയം ജില്ല കളക്ടർ, തോട്ടം മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ കൾട്ടൻസി ഏജൻസിയായ ലൂയിസ് ബർഗ് പ്രതിനിധികൾ മണ്ണ് പരിശോധന നടത്തിയത്.ചെറുവള്ളി തോട്ടത്തിന്റെ മധ്യഭാഗത്ത് കൂടി കിഴക്ക് – പടിഞ്ഞാറ് ദിശയിൽ മൂന്ന് കിലോമീറ്റർ ആണ് വിമാനത്താവള പദ്ധതിക്കായി റൺവേ കണ്ടെത്തിയിരിക്കുന്നത് . ഈ മൂന്ന് കിലോമീറ്ററിനുള്ളിലെ മണ്ണാണ് പരിശോധിക്കുന്നത് . റൺവേയിൽ 20 മീറ്റർ താഴ്ച്ചയിൽ എട്ടു കുഴികളാണ് (കുഴൽ കിണർ പോലെ) മണ്ണ് പരിശോധനയ്ക്കായി നിർമ്മിക്കുന്നത് . മൂന്ന് ആഴ്ചയ്ക്കുള്ളിൽ മണ്ണെടുക്കുന്ന നടപടികൾ പൂർത്തിയായാൽ 21 ദിവസത്തിനുള്ളിൽ പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും ഏജൻസി അധികൃതർ പറഞ്ഞു. എടുക്കുന്ന മണ്ണ് മുംബൈയിലെ ലാബിലാണ് പരിശോധിക്കുന്നതെന്നും അധികൃതർ പറഞ്ഞു. തോട്ടത്തിലെ റൺവേയുടെ നിർമ്മാണം സംബന്ധിച്ച് ഡ്രോൺ ഉപയോഗിച്ച് നേരത്തെ റൺവേ അടയാളപ്പെടുത്തിയിരുന്നു. എരുമേലി വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, മണിമല വില്ലേജ് ഓഫീസർ ബിനോയി സെബാസ്റ്റ്യൻ, ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ജയപ്രകാശ്,ഹെഡ് സർവ്വേയർ സാലമ്മ യോഹന്നാൻ, താലൂക്ക് സർവേയർ രാജേഷ്, ക്ലർക്ക് മാരായ വിദ്യ, മൈക്കിൾ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. കഴിഞ്ഞമാസം ചെറുവള്ളി തോട്ടത്തിൽ പെഗ് മാർക്ക് ചെയ്യാൻ എത്തിയ സംഘത്തെ മതിയായ രേഖകൾ ഇല്ലെന്ന് കാരണത്താൽതോട്ടം അധികൃതർ തടഞ്ഞിരുന്നു.ഇതേ തുടർന്ന് ജില്ല കളക്ടർ പ്രത്യേക ഉത്തരവ് നൽകുകയാണ് ഇന്ന്മണ്ണ് പരിശോധന ആരംഭിച്ചത്