അട്ടപ്പാടി മധുകൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ല.
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ഫീസോ, ചെലവോ നല്‍കിയില്ല.വിചാരണ നാളിലെ ചെലവെങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് കാട്ടി അഭിഭാഷകന്‍ രാജേഷ് എം.മേനോന്‍ കളക്ടര്‍ക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു.സര്‍ക്കാരിന് താത്പര്യമുള്ള കേസില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ്, ഏറെ പ്രമാദമായ മധുകൊലക്കേസില്‍ വക്കീലിന് ഫീസ് കൊടുക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുന്നത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന് ഫീസ് നല്‍കുന്നില്ലെന്ന പരാതി മധുവിന്റെ അമ്മ മല്ലി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു . ഇതുവരെ 40ലേറെ തവണ രാജേഷ് എം.മേനോല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ , വക്കീലിന് നല്‍കിയിട്ടില്ല.
240 രൂപയാണ് ഒരു ദിവസം ഹാജരായാല്‍ വക്കീലിന് നല്‍കുക.1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. വഒരു ദിവസം കോടതിയില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ ചെലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കില്‍ അത് 170 ആയി കുറയും.ഈ തുകയ്ക്ക് ഒരു വക്കീലിനെ കിട്ടിയത് തന്നെ ഭാഗ്യം.
കേസില്‍ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി.ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.
നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാള്‍ക്ക് 291 രൂപ കൂലി കിട്ടും.അപ്പോഴാണ്, മധുകേസില്‍ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ.ആ തുകയാണ് കൊടുക്കാതെ കുടിശ്ശിക വയ്ക്കുന്നത്.കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം.മേനോന്‍ കഴിഞ്ഞ ദിവസം കളക്ടര്‍ക്ക് കത്തുനല്‍കി.
സര്‍ക്കാരിന് താത്പര്യക്കൂടുതലുള്ള പല കേസുകളിലും ലക്ഷങ്ങളാണ് അഭിഭാഷകര്‍ക്കായി നല്‍കുന്നത്.എന്നിട്ടും മധുകേസില്‍ ഒരു രൂപപോലുംസ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല.
പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൃത്യമായ പണം നല്‍കാറുണ്ടെന്നും അതില്‍ അനിശ്ചിതത്വം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. മധു കൊലക്കേസ് സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുട മറുപടി.
ഇതിനിടെ അട്ടപ്പാടി മധുകൊലക്കേസില്‍ 49 മുതല്‍ 53 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും. 49ാം സാക്ഷി യാക്കൂബ്,50ാം സാക്ഷി യാക്കൂബ്, 51ാം സാക്ഷി ഷൌക്കത്ത്,52 ാം സാക്ഷി മുസ്തഫ 53 ാം സാക്ഷി രവി എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ്സി എസ്ടി വിചാരണക്കോടതി വിസ്തരിക്കുക.എല്ലാവരും വിവിധ മഹ്‌സറുകളില്‍ ഒപ്പുവച്ചവരാണ്.കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാല്‍ 11
പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ഇന്നലെ ശരിവച്ചിരുന്നു. പിന്നാലെ വൈകീട്ട് 5 മണിയോടെ 11 പേരും വിചാരണക്കോടതിയില്‍ കീഴടങ്ങി. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കണ്ടെത്തല്‍.
കോടതിയെ തെറ്റിദ്ധരിപ്പിച്ച 29ാം സാക്ഷി സുനിലിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷമാകും മധുവിന്റെ കുടുംബത്തിന്റെ വിസ്താരം.