നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമാണ് നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതിനെതിരെയാണ് ഹര്‍ജി. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.
ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദങ്ങള്‍. അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ഈ മാസം ആദ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആറ് മാസം കൂടിയാണ് സമയം തേടിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉള്‍പ്പെട്ട ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു. സര്‍ക്കാരും പരാതിക്കാരിയും കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളില്‍ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണം എന്ന് നിര്‍ദേശിച്ചു.
കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ഇതിനിടെ ബെഞ്ച് പരാമര്‍ശിച്ചു. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുക എന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ ആണ് നേരത്തെ കേസുകള്‍ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *