തൃശൂർ ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് 800 ഗ്രാം കഞ്ചാവ്.
തൃശൂര്‍; തൃശൂർ ചേറ്റുവയില്‍ മണം പിടിച്ചെത്തിയ പൊലീസ് നായ കണ്ടെത്തിയത് 800 ഗ്രാം കഞ്ചാവ്. തൃശൂര്‍ ചേറ്റുവ സ്വദേശി വിനോദിന്റെ വീട്ടിൽ നിന്നാണ് കണ്ടെടുത്തത്. പ്രതിയുടെ വീട്ടില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച കഞ്ചാവാണ് പൊലീസ് നായ കണ്ടെത്തിയത്. വീട്ടില്‍ കഞ്ചാവ് വില്ക്കുന്നുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച രഹസ്യ വിവരം. തൃശൂര്‍ റൂറല്‍ പൊലീസിന്റെ ലഹരിവിരുദ്ധ സംഘവും ഡോഗ് സ്ക്വാഡും വാടാനപ്പിള്ളി പൊലീസും സംയുക്തമായാണ് കഞ്ചാവ് പരിശോധനയ്ക്കിറങ്ങിയത്.
ഒട്ടേറെ കഞ്ചാവ് കേസിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ വിനോദ് രക്ഷപ്പെട്ടു. കഞ്ചാവ് എവിടെയാണ് ഒളിപ്പിച്ചതെന്ന് ആദ്യം പൊലീസിനു കണ്ടെത്താനായില്ല. അവസാനം, റൂറല്‍ പൊലീസിന്റെ ഡോഗ് സ്ക്വാഡിനെ രംഗത്തിറക്കി. കട്ടിലിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് പൊലീസ് നായ റാണ കണ്ടെത്തുകയായിരുന്നു. ചേറ്റുവ മേഖലയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍ മുഖ്യ ആളാണ് വിനോദ്. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വിൽപന നടത്തുകയാണ് ചെയ്യുന്നതെന്നു പൊലീസ് പറയുന്നു.