തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: . സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി പരമാര്‍ശം. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷരകേരളത്തിന് ഇത് അപമാനമാണെന്നും രാജ്യവ്യാപകമായി ഈ പ്രശ്‌നമുണ്ടെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് വ്യക്തമാക്കി. കുടുംബ്രശ്രീയുടെ സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം വന്ധീകരണത്തിനുള്ള അനുമതി കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.
അതേസമയം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. നായ്ക്കളെ കൊല്ലുന്നതിനും വളര്‍ത്തുനായ്ക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദ്ദേശിച്ചാണ് സര്‍ക്കുലര്‍. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍.
നായ്ക്കളെ കൊല്ലുന്നതും മാരകമായി പരിക്കേല്‍പ്പിക്കുന്നതും തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്തുനായ്ക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പ് വരുത്തുകയും വേണം.
അതിനിടെ എറണാകുളം എരൂരില്‍ നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ച് തെരുവുനായകളെ വിഷം അകത്തുചെന്ന ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കള്‍ക്ക് വിഷം നല്‍കി കൊന്നതാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്