ഇടുക്കി മലങ്കര ജലാശയത്തിൽ കോട്ടയം സ്വദേശികളായ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
കോട്ടയം: ഇടുക്കി മലങ്കര ജലാശയത്തിൽ വീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങി മരിച്ചു. രണ്ടു കോട്ടയം സ്വദേശികളായ യുവാക്കളാണ് മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി, ചങ്ങനാശേരി സ്വദേശികളായ യുവാക്കളാണ് മുങ്ങി മരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്. താഴത്തങ്ങാടി സ്വദേശിയായ ഫിർദൗസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ റെജിമോന്റെ മകനാണ്.
നാലു കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്. തിരികെ മടങ്ങുംവഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വെള്ളത്തിൽ വീണ ഫിർദൗസിനെ രക്ഷിക്കാനാണ് അമൽ ചാടിയത്. വെള്ളത്തിൽ രണ്ടു പേരും മുങ്ങിത്താഴുകയായിരുന്നു. ഇതേ തുടർന്ന് ഒപ്പമുള്ള സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഓടിയെത്തിയ നാട്ടുകാരും , അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.