അജ്ഞാതവസ്തു വിഴുങ്ങി ഒരുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം.
കൊല്ലം: അജ്ഞാതവസ്തു വിഴുങ്ങിയ ഒരുവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്. കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് നിഗമനം.
ബുധനാഴ്ച വൈകീട്ടാണ് കുട്ടി അസ്വസ്ഥത കാണിച്ചത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ് നടത്തിപ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി. വിസര്‍ജ്യത്തിലൂടെ പോകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാല്‍ വ്യാഴാഴ്ച രാവിലെ കുട്ടി കൂടുതല്‍ അസ്വസ്ഥത കാണിച്ചതോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.