ക്ലാസ് എടുത്തുകൊണ്ടിരിക്കെ അധ്യാപികയെ മര്‍ദ്ദിച്ചു രക്ഷിതാവ്; കാരണം മകന്‍ പഠനത്തില്‍ പിറകോട്ടായതിന്.
പുതുക്കോട്ട : മകന്‍ പഠനത്തില്‍ പിറകോട്ടായതിന് രക്ഷിതാവ് ക്ലാസ് എടുത്തുകൊണ്ടിരിക്കെ അധ്യാപികയെ മര്‍ദ്ദിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് വനകങ്ങാട് സ്വദേശി ചിത്രവേലിനെതിരെ പൊലീസ് കേസെടുത്തു.
ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ചിത്രവേല്‍ എന്ന രക്ഷിതാവെത്തി അധ്യാപികയെ മര്‍ദിക്കുകയായിരുന്നു.
ചിത്രവേലിന്റെ മകന്‍ പഠനത്തില്‍ പിറകോട്ടാണെന്നും ഇതിന് കാരണം അധ്യാപികയാണെന്നും പറഞ്ഞായിരുന്നു മര്‍ദനം. ഇയാള്‍ മദ്യപിച്ചിരുന്നതായി സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറഞ്ഞു.
ക്ലാസ് സമയത്ത് ക്ലാസ് മുറിയിലേക്ക് കയറിവന്ന ചിത്രവേല്‍, അധ്യാപികയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ അവസ്ഥ അധ്യാപിക പറയുന്നതിനിടെ പുറത്തിറങ്ങിയ ചിത്രവേല്‍, വീണ്ടും ക്ലാസിലേയ്ക്ക് കയറിവന്ന് മര്‍ദിക്കുകയായിരുന്നു. ചിത്രാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വടഗാഡ് പൊലീസ് കേസെടുത്തത്.