പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനടക്കം രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനെയാണ് തെരുവ് നായയുടെ കടിയേറ്റത്. വെട്ടിപ്പുറത്തുവെച്ചാണ് നായ മജിസ്ട്രേറ്റിനെ ആക്രമിച്ചത്. വെട്ടിപ്പുറത്തെ താമസ സ്ഥലത്തിന് സമീപം വൈകീട്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
ഇരുചക്ര വാഹന യാത്രക്കാരനെ പിന്തുടർന്ന നായ റോഡിൽ കൂടി നടന്ന് വരികയായിരുന്ന മജിസ്ട്രേറ്റിനെ കടിക്കുകയായിരുന്നു. ഉടൻ തന്നെ മജിസ്ട്രേറ്റിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനാണ് നായയുടെ കടിയേറ്റ മറ്റൊരാൾ. ഇയാളെ നായ ആക്രമിച്ചത് ജനറൽ ആശുപത്രിയുടെ സമീപത്തുവെച്ചാണ്.