ഇടുക്കിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
ഇടുക്കി: ഇടുക്കിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഹെലിബറിയ സ്വദേശി ഷീജ (28) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷിന്‍റെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയത്. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരൻ ആരുൺ എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പൊലീസ് രേഖപ്പെടുത്തിയത്.
സംഭവ സമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. പത്തു മാസം മുൻപാണ് ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻറെയും ചിന്നമ്മയുടെയും മകൾ ഷീജയെ ജോബീഷ് വിവാഹം കഴിച്ചത്. ജോബീഷ് മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ഷീജ സഹോദരനോട് പറഞ്ഞിരുന്നു. ഭർത്താവിൻറ മാതാപിതാക്കൾ വഴക്കിടാറുണ്ടെന്നും പറഞ്ഞിരുന്നു.
രണ്ടാഴ്ചയായി ഷീജ സ്വന്തം വീട്ടിലായിരുന്നു. ഓണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം വീട്ടുകാർക്കൊപ്പം ഏലപ്പാറയിലെത്തിയ ഷീജയ ജോബിഷ് തൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തിരുവോണ ദിവസം ഇരുവരും ഹെലിബറിയയിലെ വീട്ടിലെത്തിയ ശേഷം നാലു മണിയോടെ മടങ്ങി.
മരണവുമായി ബന്ധപ്പെട്ട ജോബീഷിൻറെ കുടുംബാംഗങ്ങൾ പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഷീജയുടെ ബന്ധുക്കൾ പറയുന്നത്. സംഭവം ദിവസം രാവിലെ തലേദിവസം ഒപ്പമുണ്ടായിരുന്നവരിൽ ഒരാളെ കാണാനില്ലെന്നു പറഞ്ഞ് സുഹൃത്തുക്കൾ ജോബിഷിനെ വിളിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ പോകാനിറങ്ങിയ ജോബീഷിനെ ഷീജ വിലക്കിയിരുന്നു. ഇത് ലംഘിച്ച് പോയ താൻ തിരികെ എത്തിയപ്പോൾ ഷീജയെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെതെന്നാണ് ജോബീഷ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്‍റെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിന് കൈമാറി. ബാക്കിയുള്ള രണ്ട് പവൻ സ്വർണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബിഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് അമ്മയും സഹോദരിയും പൊലീസിന് മൊഴി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ജോബിഷിന്‍റെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായി പീഡിപ്പിച്ചിരുന്നു.
ജോലി സ്ഥലത്ത് നിന്നും വീട്ടിലെത്തുന്ന ജോബിഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 34 ദിവസം കഴിഞ്ഞാണ് ജോബിഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്. കേസിന്‍റെ അന്വേഷണം ഇന്നലെ പീരുമേട് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു.