അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായി സാക്ഷികളുടെ കൂറുമാറ്റം.

Spread the love
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ തുടർച്ചയായി സാക്ഷികളുടെ കൂറുമാറ്റം. നിലവിൽ കേസിലെ 29-ാം സാക്ഷിയായ സുനിൽ കുമാറാണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളൻ എന്നു പറഞ്ഞ് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനിൽ കുമാര്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാൽ ഈ മൊഴിയാണ് സുനിൽ കുമാര്‍ ഇപ്പോൾ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയിരിക്കുകയാണ്.

ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.

പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷൻ നേരത്തെ മണ്ണാർക്കാട് എസ്‍സി – എസ്‍ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസിലെ പതിനാറിൽ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്ക്കോടതികൾക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. ഇക്കാര്യത്തിലെ നിയമപ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *