ദേശീയപാതയിൽ പുതുപ്പാടിക്ക് സമീപം എലോക്കരയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും ലഹരി ഉത്പന്നങ്ങൾ പിടികൂടി.
താമരശ്ശേരി : ദേശീയപാതയിൽ പുതുപ്പാടിക്ക് സമീപം എലോക്കരയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മാരക ലഹരി ഉത്പന്നങ്ങൾ പിടികൂടി. കാർ ഡ്രൈവറായ വാവാട് പുലിക്കുഴിയിൽ മിദ്ലാജ് (27) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന അത്തോളി പറമ്പത്ത് സ്വദേശികളായ ശ്രീരാജ്, ഷിമിൽ എന്നിവർ സഞ്ചരിച്ച ബൈക്കിനെ പിന്നിലുണ്ടായിരുന്ന കാർ ഇടിക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഒരാൾ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ഇയാൾ രക്ഷപ്പെട്ടു. കാറോടിച്ച മിദ്ലാജിനെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചപ്പോഴാണ് 8.360 ഗ്രാം എം.ഡി.എം.എയും 650 മില്ലിഗ്രാം മെത്താ ആഫിറ്റമിനും കണ്ടെടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.