കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്ത് പോലീസ്.
കോട്ടയം: കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. IPC 429 പ്രകാരം വെള്ളൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങളെ കൊന്നാൽ ചുമത്തുന്ന വകുപ്പാണ് ഇത്. നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്തു. 12 നായ്ക്കൾ ചത്തതിലാണ് അന്വേഷണം. മൃഗസ്നേഹികളുടെ പരാതിയിലാണ് നടപടി.
സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൃഗസ്നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായ്ക്കള്‍ ആക്രമിക്കുന്നതെന്നും പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍ പരിഹസിച്ചു. മേഖലയില്‍ നായ ശല്യം രൂക്ഷമാണെന്ന പരാതിയാണ് നാട്ടുകാരും പങ്കുവയ്ക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു.
കോട്ടയത്ത് നായകള്‍ കൂട്ടത്തോടെ ചത്തതില്‍ പ്രതിഷേധിച്ച് മൃഗസ്നേഹികള്‍ രംഗത്ത് എത്തിയിരുന്നു. കൊല്ലപ്പെട്ട നായകള്‍ എല്ലാം പേ പിടിച്ചവയല്ലെന്നാണ് തെരുവ് നായ്ക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്ത്യ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സമൂഹത്തില്‍ മോശമായ രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളാണ് കാരണമാകുന്നത് എന്ന് സംഘടനയുടെ കോഡിനേറ്റര്‍ അമ്മു സുധി പ്രതികരിച്ചിരുന്നു.
നിലവില്‍ രാജ്യത്ത് ഒരു നിയമമുണ്ട്, അതിന് അനുസരിച്ചുള്ള കാര്യങ്ങളാണ് തെരുവ് നായ ശല്യം ഒഴിവാക്കാന്‍ ചെയ്യേണ്ടത് എന്നാണ് ആനിമല്‍ ലീഗല്‍ ഫോഴ്സ് പ്രതികരിച്ചു. നായ്ക്കളെ വന്ധീകരിക്കാനുള്ള പദ്ധതി മികച്ചതാണ്, അത് കേരളത്തില്‍ നടപ്പിലാക്കിയത് പാളിപ്പോയി. അതിന്റെ നടത്തിപ്പിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് വാങ്ങിയ സംഘടന കൂടിയാണ് ആനിമല്‍ ലീഗല്‍ ഫോഴ്സ്. ശാസ്ത്രീയമായി വെറ്റിനറി ഡോക്ടര്‍മാരെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കണം എന്നാണ് ഇവരുടെ ആവശ്യം.