ആറുകിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റിൽ.
യോദ്ധാവ്-ആന്റി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയിലെ പാടേരൂർ എന്ന സ്ഥലത്തുനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി തീവണ്ടിയിലും ഓട്ടോറിക്ഷയിലുമായി അതിർത്തികടത്തി ജില്ലയിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് നാസിക്കിന്റെ പതിവെന്ന് പോലീസ് പറഞ്ഞു.
ചേരമ്പാടി അതിർത്തി കടത്തിയശേഷം അവിടെനിന്ന് ബൈക്കിലാണ് സുഹൃത്തായ മണിയുടെ വീട്ടിൽ കഞ്ചാവെത്തിച്ചത്. ഇവിടെവെച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
നാസിക്കിനെ അറസ്റ്റുചെയ്ത് ദേഹപരിശോധന നടത്തുന്നതിനിടെ പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന വൈത്തിരി പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. വിപിന്റെ കണ്ണിൽ, പ്രതി അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന പെപ്പർസ്‌പ്രേ അടിക്കുകയും വലത് കൈത്തണ്ടയിൽ കടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
മൽപ്പിടിത്തത്തിലൂടെയാണ് പ്രതിയെ കീഴ്‍പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നാസിക്കിന്റെപേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർചെയ്തിട്ടുണ്ട്. കഞ്ചാവുമായി പിടികൂടിയതിന് നാസിക്കിന്റെപേരിൽ അമ്പലവയൽ, കല്പറ്റ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.