ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്.

Spread the love

കോഴിക്കോട്: അരക്കിണറിൽ കുട്ടികളെ തെരുവുനായ് ആക്രമിക്കുന്ന ഭീകര ദൃശ്യങ്ങൾ പുറത്ത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ഭീകരദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സാജുദീന്‍ എന്നയാള്‍ക്കും കടിയേറ്റിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂർ അരക്കിണറിൽ മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്.

അതേസമയം അരക്കിണറിൽ നളിനി എന്ന വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. കോഴിയെ പിടിക്കാൻ എത്തിയ നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. നൂറാസിനെ ആക്രമിച്ച അതേ നായ തന്നെയാണ് നളിനിയെയും കടിച്ചത്. കോഴിക്കോട്ട് നാദാപുരം വിലങ്ങാട് 12 വയസുകാരനെയും തെരുവുനായ ആക്രമിച്ചു.

ഇന്നലെ മാത്രം, സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് അൻപതോളം പേർക്കാണ്. പാലക്കാട്ട് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന 3 വയസുള്ള ആദിവാസി ബാലന് കടിയേറ്റിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തി. ആ നായയ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്. ശാസ്താംകോട്ടയിൽ വയോധികരായ രണ്ടുപേരെ വീട്ടുമുറ്റത്തു നിൽക്കുമ്പോൾ‍ നായ കടിച്ചു. ഇവരുടെ വളർത്തു മൃഗങ്ങളെ ആക്രമിച്ച നായ തളർന്നു വീണുചത്തു. വയനാട് 4 പേരെ തെരുവുനായ കടിച്ചു.

കോഴിക്കോട് വിലങ്ങാടും ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരും വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്സിന്‍ നല്‍കി.

കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ ഇന്നലെ തെരുവുനായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്താകെ നിരവധി പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കണ്ണൂർ തളിപ്പറമ്പിൽ മധ്യവയസ്കയുടെ കൈപ്പത്തിക്ക് കടിയേറ്റു. അട്ടപ്പാട്ടി ഷോളയൂരിൽ മൂന്ന് വയസ്സുകാരനെ തിരുവോണ ദിവസമാണ് തെരുവ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിൻ്റെ മുഖത്തടക്കം കടിയേറ്റു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട്ടിൽ ജോലി കഴിഞ്ഞു മടങ്ങിയ കർഷകനേയും ആടിനെ മേയ്ക്കാൻ പോയ വിദ്യാർത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്. തെരുവ് നായ ശല്യം രൂക്ഷമായ കണ്ണൂർ ജില്ലയിൽ ജില്ല പഞ്ചായത്ത് അടിയന്തിര യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ യോഗം ചേരുന്നത്.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം തെരുവ് നായ പ്രശ്നം പരിഹരിക്കാൻ കർമ പദ്ധതി രൂപീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *