മിന്നൽ ചുഴലിക്കാറ്റ് തൃശൂർ മേഖലയിൽ.
തൃശൂർ; ചാലക്കുടിയിൽ ചുഴലിക്കാറ്റ് അടിച്ചതായി റിപ്പോർട്ട്. മിന്നൽ ചുഴലികൾ തൃശൂർ മേഖലയിൽ ഇപ്പോൾ സാധാരണമാവുകയാണ്. പുലർച്ചെ മൂന്നരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിൽ വീടുകളുടെ ട്രസ് ഷീറ്റ് മറിഞ്ഞ് വീണു. വീടുകൾക്കും കൃഷിയ്ക്കുമാണ് വലിയ നാശനൽഷ്ടം സംഭവിച്ചത്. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
കേരളത്തിന് വീണ്ടും ഭീഷണിയായി ന്യൂനമർദ്ദവും ചക്രവാതചുഴിയും രൂപപ്പെടുന്നതിനിടെയാണ് ചുഴലിക്കാറ്റ്. കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായാണ് ചക്രവാത ചുഴി നിലനിൽക്കുന്നത്. മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ 4 ദിവസമായി മഴ തുടരുകയാണ്.
കെഎസ്ഇബി, റവന്യു വകുപ്പ്, രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വീടുകളിലേക്കും വാഹനങ്ങളിലേക്കും ഒടിഞ്ഞുവീണ മരങ്ങൾ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. കൃഷി നാശം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകൾക്കുളളിൽ 10 ഓളം മിന്നൽ ചുഴലികളാണ് തൃശൂരിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്.
ഇന്ന് 12-09-2022 ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.