തെരുവുനായ ആക്രമണം:ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. പേവിഷ ബാധക്കെതിരായ വാക്സിൻ സ്വീകരിച്ചിട്ടും നിരവധി ആളുകൾ മരിക്കുന്നതും തുടർക്കഥയാവുകയാണ്.
പൊതുജനങ്ങൾക്കിടയിൽ ഭീതി പടരുന്ന സാഹചര്യത്തിലാണ് മന്ത്രി എംബി രാജേഷ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കും. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി വലിയൊരു കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാൽ, നിയമപരമായി ചില തടസങ്ങളും സർക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോൾ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നത്. ഷെൽട്ടർ ഉൾപ്പടെയുള്ള കാര്യങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.