ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പ്രവേശിക്കും
തിരുവനന്തപുരം:മുൻ കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് കേരളത്തിൽ വരവേൽപ്പ്. കെപിസിസിയുടെ നേതൃത്വത്തില്‍ പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാറശാലയില്‍ നിന്നും വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.
രാവിലെ 7ന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും.
കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.