മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഇടുക്കി ആർടിഒയുടേതാണ് നടപടി. കട്ടപ്പന സ്വദേശി ബിനോയിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തില്‍ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ അപകടത്തില്‍ പരിക്കേറ്റ കുട്ടികൾ ഇടുക്കി ആർടിഒ ആര് രമണന് നല്കിയ പരാതിയിലാണ് നടപടി. ഇടുക്കി മുരിക്കാശ്ശേരിയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് മുരിക്കാശേരിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന അമ്മയേയും രണ്ട് പെൺകുട്ടികളെയും കെഎസ്ആർടിസി ബസ് ഇടിച്ച് വീഴ്ത്തിയത്. എറണാകുളത്ത് നിന്നും കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്നു. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ വാഹനുമായി രക്ഷപെട്ടുകയായിരുന്നു.
നാട്ടുകാരാണ് റോഡിൽ വീണു കിടന്ന മൂവരേയും ആശുപത്രിയിൽ എത്തിച്ചത്. മുരിക്കാശ്ശേരി സ്വദേശി രഞജിത്തിന്റെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ കാര്യമായി പരിക്കില്ലെങ്കിലും കുട്ടികളുടെ പേടി ഇപ്പോഴും മാറിയിട്ടില്ല. അതിനാലാണ് ഇടുക്കി ആർടിഒയ്ക്ക് കുട്ടികളുമായെത്തി പരാതി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്ത ഇടുക്കി ആർ ടി ഒ ഡൈവറോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.