ജയിൽ മേധാവിക്ക് സർക്കാർ ചെലവിൽ വിദേശ യാത്രയ്ക്ക് അനുമതി

Spread the love

ജയിൽ മേധാവിക്ക് സർക്കാർ ചെലവിൽ വിദേശ യാത്രയ്ക്ക് അനുമതി. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് ജയിൽ മേധാവി, ഡിജിപി സുധേഷ് കുമാറിന് കാനഡയും അമേരിക്കയും സന്ദർശിക്കാനുള്ള രണ്ടാഴ്ചത്തെ ടൂറിന് സർക്കാർ അനുമതി നൽകിയത്. ഇവിടങ്ങളിലെ ജയിൽ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനാണ് സുധേഷ് കുമാറിന്റെ യാത്ര. അടുത്ത മാസം 30ന് സുധേഷ് കുമാർ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് അസാധാരണ നടപടി. രണ്ട് വർഷമെങ്കിലും സർവീസ് ബാക്കിയുള്ളവരെയേ പരിശീലനത്തിനും പ0നങ്ങൾക്കും അയക്കാവൂ എന്നാണ് മാർഗനിർദ്ദേശം. ഇത് ലംഘിച്ചാണ് സെപ്തംബർ 14 വരെയുള്ള യാത്രയ്ക്ക് സുധേഷ് കുമാറിന് അനുമതി നൽകിയത്. അമേരിക്കയിലേയും കാനഡയിലേയും ജയിൽ സംവിധാനങ്ങളെ കുറിച്ച് പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനായി വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കണം. തുടർന്ന് നാട്ടിൽ ജയിൽ സംവിധാനങ്ങളിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ടു വരണം. പക്ഷെ ഇതെല്ലാം ചെയ്യാൻ ചുമതലപ്പെട്ട സുധേഷ് കുമാർ അടുത്തമാസം 30ന് വിരമിക്കും. അങ്ങിനെയെങ്കിൽ ഈ സന്ദർശനത്തിന് എന്ത് ഗുണമുണ്ട് എന്നതാണ് പ്രധാന ചോദ്യം. സുധേഷ് കുമാറിന് പകരം ജയിൽ വകുപ്പിലെ ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരെ സർക്കാരിന് നിയോഗിക്കാമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അഖിലേന്ത്യാ സർവീസ് മാർഗനിർദ്ദേശങ്ങൾ സുധേഷ് കുമാറിന് യാത്രാനുമതി നൽകിയതിലൂടെ ലംഘിക്കപ്പെട്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സുധേഷ് കുമാറിന്റെ യാത്രയുടെ ചെലവ് വഹിക്കുന്നത് വെല്ലൂരിലെ അക്കാദമി ഓഫ് പ്രിസൺസ് ആന്റ് കറക്ഷണൽ എന്ന സ്ഥാപനമാണ്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സർക്കാരുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടത്തുന്ന സ്ഥാപനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *