കേരളത്തില്‍ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളത്തില്‍ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ബംഗളൂരുവില്‍ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഞായറാഴ്ച അര്‍ദ്ധരാത്രി വരെ നഗരത്തില്‍ 83 മില്ലിമീറ്റര്‍ മഴ ലഭിച്ചു, 2014 ന് ശേഷമുള്ള ഏറ്റവും മഴ പെയ്ത സെപ്തംബറിലെ ദിവസമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ തുടങ്ങിയ ഇടിമിന്നലോടെയാണ് മഴ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി പെയ്തു.
ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ്ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ബിഇഎംഎല്‍ ലേഔട്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. സെപ്തംബര്‍ 9 വരെ കര്‍ണാടകയില്‍ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.
കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കാനും നഗരത്തിന്റെ പല ഭാഗങ്ങളിലും മന്ദഗതിയിലുള്ള ഗതാഗതം പ്രതീക്ഷിക്കണമെന്നും അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് യാത്രക്കാരെ ഉപദേശിച്ചു.
നൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായെന്നും നിരവധി അപ്പാര്‍ട്ട്മെന്റുകളുടെ ബേസ്മെന്റുകള്‍ വെള്ളത്തിനടിയിലായെന്നും ന്യൂസ് 9 ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ജാപൂര്‍ റോഡിലെ താമസക്കാര്‍ക്ക് വെള്ളം കയറി വാഹനങ്ങള്‍ കേടാകാതിരിക്കാന്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ബേസ്മെന്റില്‍ നിന്ന് മാറ്റേണ്ടിവന്നു.
നഗരം വീണ്ടും വെള്ളത്തിനടിയിലായതോടെ അധികാരികള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് നെറ്റിസണ്‍സ് ട്വിറ്ററില്‍ രംഗത്തെത്തി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വര്‍ത്തൂര്‍ നഗരപ്രാന്തത്തിലും ബോട്ടുകള്‍ വിന്യസിക്കേണ്ടിവന്നു . പ്രധാനസ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും അധികൃതര്‍ ആവശ്യപ്പെട്ടു. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.