തെരുവുനായ്ക്കളെ പിടികൂടുന്നവർക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ചു.
പത്തനംതിട്ട: തെരുവുനായ്ക്കളെ പിടികൂടുന്നവർക്കുള്ള പ്രതിഫലം വർദ്ധിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യം തദ്ദേശവകുപ്പ് എ.ബി.സി. പദ്ധതിപ്രകാരം അംഗീകരിച്ചതോടെ ഇനി മുതൽ പ്രതിഫലം 300 രൂപയാകും. 200 രൂപവീതം നൽകാനായിരുന്നു നേരത്തേയുള്ള നിർദ്ദേശം. നായയെ പിടിക്കാൻ നിയോഗിക്കപ്പെടുന്നവർക്ക് കുനൂരിൽ പരിശീലനവും നൽകും. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ വെറ്ററിനറി സർവീസ് സെന്ററിലയച്ചാണ് പരിശീലനം നൽകുന്നത്. ഇതിനുള്ള പണം എ.ബി.സി. പ്രോഗ്രാമിന് മാറ്റിവെച്ച വിഹിതത്തിൽനിന്ന് നൽകുവാനുമാണ് പുതിയ തീരുമാനം.
നായയെ പിടിക്കാൻ പത്തനംതിട്ട ജില്ലയിൽ അധികൃതർ ആളെത്തേടുന്നു. നായയെ പിടിക്കാൻ ആളെ കിട്ടാത്തത് അധികൃതർക്ക് പ്രയാസമാകുന്നുണ്ട്. ഇത് പരിഹരിക്കാനും ശ്രമമാരംഭിച്ചു. തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷൻ നൽകാൻ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനുള്ള അറിയിപ്പ് നൽകും. ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധസംഘടന പ്രവർത്തകർ, ജന്തുസ്‌നേഹികൾ, വ്യക്തികൾ എന്നിവർ മൃഗാശുപത്രി വെറ്ററിനറി സർജന്മാരുമായോ ജില്ലാതല ജന്തുരോഗനിവാരണ പദ്ധതി ഓഫീസുമായോ ബന്ധപ്പെടണമെന്ന നിർദേശമാണ് നൽകുക.
നായ്ക്കളെ പിടികൂടിയശേഷം പാർപ്പിക്കാനുള്ള ഷെൽട്ടർ ഒരുക്കേണ്ടതും ശസ്ത്രക്രിയയ്ക്കുള്ള മരുന്നും ഉപകരണങ്ങളും വാങ്ങേണ്ടതും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളുമാണ്.
നായ്ക്കളെ അഞ്ചുദിവസത്തോളം ഷെൽട്ടറിൽ പാർപ്പിച്ച് ആരോഗ്യം ഉറപ്പാക്കിയശേഷം പഴയ സ്ഥലത്ത് തിരികെ വിടണം. ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നതെങ്കിൽ നായ ഒന്നിന് 2,100 രൂപവീതം നൽകണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരഭരണ സ്ഥാപനങ്ങളുടെയും സംയുക്തപദ്ധതിയായാണ് എ.ബി.സി. നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്താണ് മുഖ്യനിർവഹണ ഏജൻസി. ജില്ലാ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ജില്ലാതല നിർവഹണ ഉദ്യോഗസ്ഥൻ.