പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഗാന്ധിനഗർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മറ്റൊരാൾക്ക് കൈ മാറിയ കേസിൽ മാതാവിനെതിരെയും പൊലീസ് കേസെടുത്തു. പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടിൽ ഭാഗത്ത് ജയേഷ് ഭവൻ വീട്ടിൽ ജയൻ മകൻ ജയേഷ് (30), പെരുമ്പായിക്കാട് ചെമ്മനംപടി ഭാഗത്ത് കുന്നുകാലായിൽ വീട്ടിൽ പ്രകാശൻ മകൻ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ബന്ധുവായ ജയേഷും, പ്രണയം നടിച്ച് മറ്റൊരു അകന്ന ബന്ധു കൂടിയായ പ്രദീപും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയും കുടുംബവും വീട്ടിലുണ്ടായ സ്വത്തു തർക്കത്തെ തുടർന്ന് ഗാന്ധിനഗറിൽ ഉള്ള ഒരു ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. ഇവിടെ പലപ്പോഴായി ബന്ധുവായ ജയേഷ് വരാറുണ്ടായിരുന്നു.
ഈ കാലയളവിലാണ് ഇയാൾ അതിജീവിതയെ ലൈംഗികമായി പീഡനത്തിനിരയാക്കിയത്. ഇതിനിടയിലാണ് അടിജീവിതയുടെ അകന്ന ബന്ധുവായ പ്രദീപ് പെൺകുട്ടിയെ സ്നേഹം നടിച്ച് വശത്താക്കുന്നത്. തുടര്ന്ന് മാതാവ് തനിക്ക് മകളെ നോക്കാൻ കഴിയില്ല എന്നു പറഞ്ഞ് അതിജീവിതയെ പ്രദീപിന്റെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയും തുടർന്ന് പ്രദീപ് അതിജീവിതയെ വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കുകയുമായിരുന്നു.ഇതേ തുടർന്ന് അതിജീവിത ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതു കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതിന് മാതാവിനെയും അറസ്റ്റ് ചെയ്തു.