പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിച്ചു.
നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊളോണിയൽ മുദ്രകൾ പൂർണമായും നീക്കിയതാണ് പുതിയ പതാക. കൊച്ചിൻ ഷിപ്പയാർഡിലെ ചടങ്ങിലാണ് പതാക പ്രകാശനം നടന്നത്.
1879ൽ ബ്രിട്ടീഷുകാരാണ് ഇന്ത്യൻ നാവിക കപ്പലുകൾക്ക് ആദ്യമായി പതാക നിർമ്മിച്ചത്. ബ്രിട്ടന്റെ ദേശീയ പതാക ആലേഖനം ചെയ്ത നീല പതാക ആയിരുന്നു. 1928ൽ അത് ‘വൈറ്റ് എൻസൈൻ’ എന്നറിയപ്പെടുന്ന വെള്ള പതാകയായി മാറി. പതാകയെ സെന്റ് ജോർജ് ക്രോസ് എന്ന ചുവന്ന കുരിശു രൂപം കൊണ്ട് നാലായി വിഭജിക്കുന്ന ഡിസൈൻ നിലവിൽ വന്നു. നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക ആലേഖനം ചെയ്യുകയും ബാക്കി ഭാഗം വെള്ള നിറത്തിലുമായിരുന്നു.
ഇന്ത്യ റിപ്പബ്ലിക്കായ 1950ൽ ഇതിലെ നാലിലൊന്നു ഭാഗത്ത് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യൻ പതാക ആലേഖനം ചെയ്തു. റിപ്പബ്ലിക്കിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ കോളോണിയൽ ചിഹ്്നമായ സെന്റ് ജോർജ് ക്രോസ് പേറുന്ന പതാക ഇന്ത്യ ഉപയോഗിക്കുന്നത് ചർച്ചയായി. വിവാദവും വിമർശനവും ഉയർന്നു. 2001ൽ ക്രോസ് മാറ്റുകയും പതാകയിൽ നാവികസേനയുടെ നീലമുദ്ര ആലേഖനം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് അകലെ നിന്നു കാണാനാവുന്നില്ലെന്ന വാദം ചർച്ചയായി.
ആകാശത്തിന്റെയും കടലിന്റെയും നീല നിറത്തിനൊപ്പം ചേർന്നു കാണുന്നതിനാൽ നേവിയുടെ നീലനിറത്തിലുള്ള മുദ്ര അകലെനിന്നു വ്യക്തമായില്ലെന്നതാണ് വസ്തുത. നാവികരും ഇതുയർത്തി. ഇതോടെ 2004ൽ സെന്റ് ജോർജ് ക്രോസ് ഉള്ള പഴയ പതാക തിരികെ കൊണ്ടുവന്നു. ഭാരതീയവൽക്കരിക്കാനായി കൃത്യം നടുവിൽ അശോകസ്തംഭം ആലേഖനം ചെയ്തു.
2014ൽ ഇന്ത്യയുടെ ദേശീയ വാക്യമായ ‘സത്യമേവ ജയതേ’ എന്ന് ദേവനാഗരി ലിപിയിൽ അശോകസ്തംഭത്തിന്റെ അടിയിൽ ആലേഖനം ചെയ്തു. ഈ പതാകയാണ് കൊളോണിയൽ ചിഹ്നമായ സെന്റ് ജോർജ് ക്രോസ് എടുത്തുകളഞ്ഞ് ഇപ്പോൾ പരിഷ്‌കരിച്ചിരിക്കുന്നത്.