പാലിയേക്കര ടോൾപ്ലാസയിലെ പുതുക്കിയ ടോൾ നിരക്ക് അർധ രാത്രി മുതൽ പ്രാബല്യത്തിൽ വന്നു.
തൃശൂർ: പാലിയേക്കര ടോൾപ്ലാസയിലെ പുതുക്കിയ ടോൾ നിരക്ക് അർധ രാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഒരു വശത്തേക്കുള്ള യാത്രയ്ക്കു മാത്രം 10 മുതൽ 65 രൂപ വരെയാണ് ഉയർത്തിയത്. കാറുകൾക്ക് 80 രൂപയായിരുന്ന സ്ഥാനത്തു ഇപ്പോൾ അത് 90 ആയി. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.
ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആയി. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആയി. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടി.
ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനിമുതൽ 315 രൂപയായി, ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇനിമുതൽ 475 രൂപയാണ് നിലവിൽ ഇത് 415 രൂപയായിരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആയി. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665രൂപയ്ക്ക് പകരം ഇനി 765 രൂപ നൽകണം.