കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ, പത്തു ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാലു ജില്ലകളിൽ അതിശക്തമഴ മുന്നറിയിപ്പുമുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദപാത്തിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.