അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Spread the love

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കീഴ്‌ക്കോടതി ഉത്തരവിലുള്ള സ്‌റ്റേ ഇന്ന് വരെയാണ് ഹൈക്കോടതി നീട്ടിവെച്ചത്. കേസിലെ 12 പ്രതികളുടെയും ജാമ്യം ഓഗസ്റ്റ് 20ന് ആണ് വിചാരണക്കോടതി റദ്ദ് ചെയ്തത്. സാക്ഷികളെ സ്വാധീനിച്ചെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കാൻ വിചാരണ കോടതി ഉത്തരവിറക്കിയത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട്ടെ പ്രത്യേക കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 12 പ്രതികളുടെ ജാമ്യമായിരുന്നു റദ്ദാക്കിയത്. എന്നാൽ ഹൈക്കോടതി നൽകിയ ജാമ്യം വിചാരണക്കോടതിക്ക് എങ്ങനെ റദ്ദാക്കാനാവുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

 

പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങളെ പൂർണമായും അംഗീകരിച്ചാണ് കോടതി മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരിക്കുന്നത്.

ചിലർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാൻ പോകുന്ന ചില സാക്ഷികളേയും പ്രതികൾ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പതിനാറാം തീയതി ഹർജിയിൽ വാദം പൂർത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ തീർപ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറി. രണ്ടുപേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *