പരിയാരത്ത് വ്യാജ പോലീസായി ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ.
പരിയാരം: പരിയാരത്ത് വ്യാജ പോലീസായി (fake police) ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പൊലീസ് ഇന്നലെ രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പൊലീസ് വേഷത്തിൽ വാഹന പരിശോധനയും, ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു.
പരിയാരം പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജഗദീഷ് വാഹന പരിശോധനയും മറ്റും നടത്തി വന്നിരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് പ്രതി. നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. മാത്രമല്ല മറ്റ് പൊലീസുകാരുടെ അകമ്പടിയൊന്നുമില്ലാതെ സിഐ ഒറ്റയ്ക്ക് പരിശോധന നടക്കുന്നതും നാട്ടുകാരുടെ സംശയത്തിന് കാരണമായി. ഇതോടെയാണ് പ്രദേശവാസികളായ ചിലര്‍ പരിയാരം സ്റ്റേഷനിൽ വ്യാജ സിഐയെപ്പറ്റി വിവരമറിയിച്ചത്.
പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടായിരുന്നു ജഗദീഷിന്‍റെ ബൈക്ക് യാത്ര. യൂണിഫോമും, നെയിംബോര്‍ഡും, പൊലീസ് ബൂട്ടുമെല്ലാം കണ്ടാല്‍ ആരും തെറ്റിദ്ധരിക്കും. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റിയായിരുന്നു ഇയാള്‍ നിന്നിരുന്നത്. വാഹനങ്ങള്‍ തടഞ്ഞ് ബോധവത്കരണം നടത്തുകയും പരിശോധന നടത്തുകയും ചെയ്യും. നഗരത്തില്‍ വ്യാജ സിഐയുടെ വരവറിഞ്ഞ പരിയാരം എസ്ഐ വിപിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. ജഗദീഷിനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്നും മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണെന്ന് എസ് ഐ വിപിന്‍ ജോയ് പറഞ്ഞു.