കെഎസ്ആർടിസിയിൽശമ്പളം കൊടുക്കണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി.
കൊച്ചി: കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം കൊടുക്കണമെന്ന കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് സർക്കാർ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കർക്ക് ശമ്പളം നൽകുമെന്ന് കഴിഞ്ഞ ദിവസവും ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ശമ്പളം നൽകണമെന്ന കോടതി വിധിക്കെതിരെ പിണറായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജീവനക്കാരെ പട്ടിണിക്ക് ഇടാൻ കഴിയില്ലെന്നും ഉടൻ ശമ്പളം കൊടുത്ത് തീർക്കണമെന്നും ഹെക്കോടതി പറഞ്ഞിരുന്നു. ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി സർക്കാരിന് കർശന നിർദേശം നൽകിയത്. കേസ് ഇനി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.