സംസ്ഥാനത്തെ മലയോര മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Spread the love

കോട്ടയം: കോട്ടയത്തും പത്തനംതിട്ടയിലുംകനത്ത മഴ (HEAVY RAIN) കറുകച്ചാൽ പുലിയളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളം കയറി. നെടുമണ്ണി– കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്‍റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി.

പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ സംസ്ഥാനത്തെ മലയോര മേഖലയിൽ കനത്ത മഴയ്ക്ക് (HEAVY RAIN) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നൽകി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

9 ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ മാസം ശേഷിക്കുന്ന ദിനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയും, ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയും, ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

30-08-2022 വരെ: കന്യാകുമാരി തീരത്തും, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.
29-08-2022 മുതൽ 01-09-2022 വരെ: തെക്ക്-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *