സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറ്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ കല്ലുകൾ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി. ഓഫിസിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുനേരെയും കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓഫിസിലെ സിസിടിവി ദൃശ്യങ്ങളിൽ എറിയുന്നവരുടെ ദൃശ്യങ്ങൾ ഉണ്ടെന്നാണു പൊലീസ് നൽകുന്ന വിവരം. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവിട്ടില്ല.
ജൂൺ 30ന്, സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ പടക്കം എറിഞ്ഞ സംഭവത്തിൽ പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. അതിനിടെയാണ് ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.