മകൻ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു
തൃശൂർ: കൊടകര കിഴക്കേ കോടാലിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം നടക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു (24) വെള്ളിക്കുളങ്ങര സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.
അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തർക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം തൃശൂരിൽ അമ്മയെ മകൾ വിഷം കൊടുത്തു കൊന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിനു തൊട്ടുപിന്നാലെയാണ് മറ്റൊരു കൊലപാതകം.( Thrissur Vishnu case )