നെഹ്റു ട്രോഫി ജലോത്സവത്തിന് ഒരു കൈ നോക്കാൻ കേരള പൊലീസിന്റെ വനിതാ ടീം.
ഏറ്റുമാനൂർ: നെഹ്റു ട്രോഫി ജലോത്സവത്തിന് ഒരു കൈ നോക്കാൻ പോലീസിന്റെ വനിതാ ടീമും. കേരള പൊലീസിന്റെ വനിതാ ടീം ആണ് നെഹ്റു ട്രോഫി ജലോത്സവത്തിനായി പരിശീലനം ആരംഭിച്ചത്. ‘സാരഥി’ എന്ന തെക്കനോടി വള്ളത്തിലാണു പരിശീലനം. പല ജില്ലകളിൽ നിന്നായി വള്ളം തുഴയാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തിയാണു ടീം രൂപീകരിച്ചത്. 32 തുഴക്കാരാണുള്ളത്. എല്ലാവരും സിവിൽ പൊലീസ് ഓഫിസർമാരാണ്. 3 അമരക്കാരിൽ ഒരാൾ വനിതയാണ്. രണ്ട് നിലക്കാരും 2 അമരക്കാരും മാത്രമാണു പുരുഷന്മാർ.
ആലപ്പുഴ ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ തകഴി പൂക്കൈതയാറിലാണു പരിശീലനം. കോട്ടയം ജില്ലയിൽ നിന്നു 5 പേർ സംഘത്തിലുണ്ട്. അവസാനഘട്ട പരിശീലനം പുന്നമടയിലേക്കു മാറ്റും. സെപ്റ്റംബർ നാലിനാണു നെഹ്റു ട്രോഫി വള്ളംകളി
നെഹ്റു ട്രോഫി ജലോത്സവത്തിന് വള്ളങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഇന്ന്. ആലപ്പുഴ ആർഡി ഓഫിസിൽ വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. 7 ചുണ്ടൻ വള്ളങ്ങളുൾപ്പെടെ ഇന്നലെ റജിസ്റ്റർ ചെയ്ത 25 വള്ളങ്ങൾ കൂടി ചേർത്ത് 56 വള്ളങ്ങൾ ഇതുവരെ റജിസ്റ്റർ ചെയ്തു. ഇവയിൽ 11 എണ്ണം ചുണ്ടൻവള്ളങ്ങളാണ്. കഴിഞ്ഞതവണ (2019ൽ) 23 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 78 വള്ളങ്ങളാണ് പങ്കെടുത്തത്. റജിസ്ട്രേഷന്റെ അവസാന ദിവസമായ ഇന്ന് കൂടുതൽ വള്ളങ്ങൾ റജിസ്ട്രേഷന് എത്തുമെന്നാണ് പ്രതീക്ഷ. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ പരിശീലനം നടത്തുന്ന പല വള്ളങ്ങളും ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല.
ചുണ്ടൻ– 11, ചുരുളൻ– 2, ഇരുട്ടുകുത്തി എ– 2, ഇരുട്ടുകുത്തി ബി– 14, ഇരുട്ടുകുത്തി സി– 11, വെപ്പ് എ– 6, വെപ്പ് ബി– 4, തെക്കനോടി (തറ)– 3, തെക്കനോടി (കെട്ട്)– 3 എന്നിങ്ങനെയാണ് ഇത്തവണ റജിസ്റ്റർ ചെയ്ത വള്ളങ്ങൾ. നെഹ്റു ട്രോഫി വള്ളംകളിയുടെ സ്പോൺസർമാരിൽ നിന്നുള്ള വരുമാനം 35 ലക്ഷത്തോട് അടുക്കുന്നു. വിവിധ സ്പോൺസർമാരിൽ നിന്നു സമാഹരിക്കുന്നതാണ് ഈ തുക. എന്നാൽ വള്ളംകളിക്ക് 11 ദിവസം മാത്രം ശേഷിക്കെ പ്രധാന സ്പോൺസറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം 6 ലക്ഷത്തിനടുത്ത് ആയി.
68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നത്തിനു പേര് മിട്ടു. വാഴപ്പിണ്ടിയിൽ തുഴയുന്ന തത്തയാണ് ഇത്തവണ ഭാഗ്യചിഹ്നം. മിട്ടു എന്ന പേര് നിർദേശിച്ച 42 പേരിൽനിന്ന് നറുക്കെടുപ്പിലൂടെ അമ്പലപ്പുഴ ആമയിട സ്വദേശിനി ആവണി അനിൽ വിജയിയായി. കലക്ടർ വി.ആർ. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകൻ ഭരത് ബാല ഫെയ്സ്ബുക് പേജിൽ ഓൺലൈനായി റിലീസ് നിർവഹിച്ചു. ഭാഗ്യചിഹ്നത്തിന് പേരു നിർദേശിക്കാനുള്ള മത്സരത്തിൽ 4136 നിർദേശങ്ങളാണ് ലഭിച്ചത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് ആവണി.
വള്ളംകളി ദിവസം വ്യോമാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യോമസേനാ സംഘം പുന്നമട സന്ദർശിച്ചു. സേനയുടെ ബാൻഡ് വാദ്യം നടത്താനും ആലോചിക്കുന്നുണ്ട്. സ്റ്റാർട്ടിങ് പോയിന്റ്, ഫിനിഷിങ് പോയിന്റ്, നെഹ്റു പവിലിയൻ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ സംഘം വിലയിരുത്തി. വിങ് കമാൻഡർ ആർ.അനിലിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് എത്തിയത്. സബ് കലക്ടർ സൂരജ് ഷാജി, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.