വാളയാറിൽ വൻ ഹാഷിഷ് ഓയിൽ വേട്ട
പാലക്കാട്: വാളയാറിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയിൽ.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് വിഷ്ണു. തൃശ്ശൂരിലെ സുഹൃത്തിന് നൽകാൻ ഹാഷിഷ് ഓയിൽ വാങ്ങിയെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ തൃശ്ശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷ്ണു സൂചിപ്പിച്ച തൃശ്ശൂരിലെ സുഹൃത്തിനെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.